ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും വീടുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ മെയിലുകള്‍ ലഭിച്ചു. ശനിയാഴ്ച ലഭിച്ച ഇമെയിലില്‍ അവരുടെ വീടുകളില്‍ നാല് ആര്‍ഡിഎക്‌സ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്. ആന്റി സബോട്ടേജ് ടീം നടത്തിയ സമഗ്രമായ പരിശോധനയ്ക്ക് ശേഷം, ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിച്ചു.
പോലീസ് പറയുന്നതനുസരിച്ച്, ശനിയാഴ്ച പുലര്‍ച്ചെ 4.20 ഓടെ, ആര്‍ണ അശ്വിന്‍ ശേഖര്‍ എന്നയാള്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇമെയില്‍ ഐഡിയിലേക്കും സ്വകാര്യ ഇമെയില്‍ ഐഡിയിലേക്കും ഒരു സന്ദേശം അയച്ചു. ഇതില്‍, കര്‍ണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും വീടുകളില്‍ ആര്‍ഡിഎക്‌സും ഐഇഡി സ്‌ഫോടകവസ്തുക്കളും സ്ഥാപിച്ചിട്ടുണ്ടെന്നും അവ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു.
ഇതേത്തുടര്‍ന്ന് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡും (ബിഡിഡിഎസ്) ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയടെ വസതികളില്‍ വിശദമായ പരിശോധന നടത്തി, പിന്നീട് അത് വ്യാജ ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആര്‍ണ അശ്വിന്‍ ശേഖറിനെതിരെ സ്വമേധയാ കേസെടുത്തതായി പോലീസ് പറഞ്ഞു.
ഭീഷണി അയച്ച ഇമെയില്‍ തമിഴ്നാട്ടില്‍ നിന്നായിരിക്കാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സന്ദേശം അയയ്ക്കാന്‍ ഉപയോഗിച്ച ഐപി വിലാസം കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിശകലനം നടക്കുന്നുണ്ടെന്നും പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
SUMMARY: Fake bomb threat sent to Karnataka CM and Deputy CM via email