പാലക്കാട്: പാലക്കാട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു. കല്ലടിക്കോട് മൂന്നേക്കറിലാണ് സംഭവം. മരുതംകോട് സ്വദേശി ബിനു പ്രദേശവാസിയായ നിതിന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം. അയല്‍വാസികളും സുഹൃത്തുക്കളുമാണ് മരിച്ചവര്‍.
ബിനുവിനെ കൊലപ്പെടുത്തിയ ശേഷം നിതിന്‍ സ്വയം വെടിവച്ചു മരിച്ചതാകാമെന്നാണ് സൂചനയെന്ന് സംഭവസ്ഥലത്തെത്തിയ പാലക്കാട് എസ്‌പി അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇത് പ്രാഥമിക നിഗമനം മാത്രമാണെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തിയാൽ മാത്രമേ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
നിതിന്‍ ഓട്ടോ ഡ്രൈവറും ബിനു റബര്‍ ടാപ്പിംഗ് തൊഴിലാളിയുമാണ്. നിതിനെ വീടിനകത്തും ബിനുവിനെ റോഡിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ക്കു സമീപം തോക്കുകളും കണ്ടെത്തി. സംഭവസ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്