ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തു മുറിച്ചു കൊലപ്പെടുത്തി. ബിഫാം വിദ്യാർഥിനി ശ്രീരാംപുര സ്വതന്ത്രപാളയ സ്വദേശി യാമിനി പ്രിയ (20) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മന്ത്രി സംപിഗെ സ്ക്വയർ മാളിനു സമീപത്തു വെച്ച് ബൈക്കിലെത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു. കോളേജിൽ പരീക്ഷ എഴുതിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യാമിനിയെ യുവാവ് പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. യുവാവിനെ പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
വഴിയാത്രക്കാർ റോഡരികിൽ മരിച്ചുകിടക്കുന്നത് കണ്ട് പോലീസിൽ വിവരമറിയിച്ചപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. വിദ്യാർഥിനി സംഭവസ്‌ഥലത്ത് തന്നെ മരിച്ചു. ശ്രീരാംപുര പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
പ്രണയം നിരസിച്ചതിന്‍റെ പേരിൽ വിഗ്നേഷ് എന്ന യുവാവാണ് ക്രൂരത ചെയ്തതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. പ്രദേശത്തും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്. പ്രിയയുടെ കോൾ റെക്കോർഡ് വിശദാംശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
SUMMARY: College student murdered in broad daylight














