തൃശ്ശൂര്‍: പാലിയേക്കര ടോൾ പിരിവില്‍ നിര്‍ണായകമായ ഉത്തരവുമായി ഹൈക്കോടതി. ഉപാധികളോടെ ടോൾ പിരിക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
ടോൾ പിരിവ് പുനഃരാരംഭിക്കുന്നതിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗതാഗത കുരുക്ക് പരിഗണിച്ച് ടോൾ നിരക്ക് കുറക്കണമെന്ന് കോടതി നിർദ്ദേശിച്ചുവെങ്കിലും നിരക്ക് കുറക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.
ദേശീയപാതയില്‍ സുരക്ഷാപ്രശ്നങ്ങള്‍ തുടരുകയാണെന്ന് തൃശൂർ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സര്‍വ്വീസ് റോഡ് പലയിടത്തും ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും ശബരിമല മണ്ഡലകാലത്തിനു മുന്‍പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കളക്ടർ ചൂണ്ടിക്കാട്ടി.
സ്ഥലം സന്ദര്‍ശിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ദേശീയപാതാ അതോറിറ്റിക്ക് നല്‍കണമെന്ന് ജില്ലാ കളക്ടറോട് കോടതി ആവശ്യപ്പെട്ടിരുന്നു. പുതിയ റിപ്പോർട്ട് കളക്ടർ നാളെ കോടതിയിൽ സമർപ്പിക്കും.
ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ആഗസ്റ്റ് 6 നാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായിരുന്നില്ല.
SUMMARY: Toll can be collected in Paliyekkara; High Court issues crucial order