കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇരായായ കുട്ടി പഠനം നിർത്തി പോയാൽ പള്ളുരുത്തി സെന്റ് റീത്താ സ്‌കൂൾ അധികൃതർ സർക്കാരിനോട് മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.ഏതെങ്കിലും ഒരു മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ അധികാരങ്ങള്‍ സ്വയം ഏറ്റെടുത്ത് ഭരണം നടത്താമെന്ന് ധരിച്ചാല്‍ നടക്കില്ല. ഇനിയെങ്കിലും ആ കുട്ടിയെ വിളിച്ച് സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കണം. കുട്ടി സ്‌കൂളില്‍ വരാത്തതിന്റെ കാരണം പരിശോധിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
ലീഗല്‍ അഡ്വൈസർക്കൊന്നും സ്‌കൂളിന്റെ കാര്യം പറയാന്‍ അവകാശമില്ല. അവര്‍ കോടതിയില്‍ നിയമപരമായ കാര്യം ചെയ്യുകയാണ് ചെയ്യേണ്ടത്. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഉണ്ടായിരുന്നയാളാണ് അഡ്വക്കേറ്റ്. സ്‌കൂള്‍ തുറക്കുന്നതിലും അനുമതി നല്‍കുന്നതും അനുമതി റദ്ദാക്കുന്നതു സംബന്ധിച്ചും കെഇആറില്‍ വ്യക്തമായ ചട്ടവും നിയമവുമുണ്ടെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകളും മന്ത്രി ഉദ്ധരിച്ചു.
പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിഷയം അന്വേഷിച്ചത്. അന്വേഷണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള ചില കുറവുകള്‍ കണ്ടെത്തി. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ യൂണിഫോം ധരിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ശിരോവസ്ത്രം ധരിക്കുന്നതു സംബന്ധിച്ച് കര്‍ണാടകയിലെ ചില പരാതികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.ഈ വിഷയത്തില്‍ സുപ്രീംകോടതി ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. സ്‌കൂളിന് പ്രശ്‌നത്തില്‍ മാന്യമായ പരിഹാരം കാണാന്‍ കഴിയുകയെന്നത്, സ്‌കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്താതെ, ശിരോവസ്ത്രം ധരിക്കണമെന്ന് പറഞ്ഞ കുട്ടിക്ക്, മാനേജ്‌മെന്റും പിടിഐയും രക്ഷിതാക്കളും മറ്റുമായി ആലോചിച്ച് സമാന കളറിലുള്ള ശിരോവസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെ പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ശിരോവസ്ത്രം ധരിച്ച ടീച്ചര്‍ കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
SUMMARY: Education Minister V Sivankutty responds to the hijab controversy at Palluruthy St. Reethas Public School