കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാക്റ്റിക പ്രവിശ്യയിൽ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. അടുത്ത മാസം പാക്കിസ്ഥാനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്. ത്രിരാഷ്ട്ര പരമ്പരയിൽ പങ്കെടുക്കുന്നതിനായി പാക്കിസ്ഥാന്‍ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ പാക്റ്റിക പ്രവിശ്യയിലെ ഉർഗുനിൽ നിന്ന് ഷരണയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം നേരിട്ടതെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) അറിയിച്ചു.
ക്രിക്കറ്റ് താരങ്ങളെ കൂടാതെ മറ്റ് അഞ്ച് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും എസിബി പങ്കുവെച്ചിട്ടില്ല. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി അഫ്ഗാന്‍ പരമ്പരയില്‍ നിന്നും ഒഴിവാകുന്നുവെന്ന് എസിബി വ്യക്തമാക്കി. ആക്രമണത്തെ അപലപിച്ച് അഫ്ഗാന്‍ ടി-20 ടീമിന്റെ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രംഗത്തെത്തി. പരമ്പരയില്‍ നിന്നും മാറിനില്‍ക്കാനുള്ള തീരുമാനത്തെയും ക്യാപ്റ്റന്‍ സ്വാഗതം ചെയ്തു.
പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി കാബൂള്‍ കുറ്റപ്പെടുത്തി. ഉർഗുൻ, ബർമാൽ ജില്ലകളിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണമാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത്.
SUMMARY: Three Afghan cricketers killed in Pakistani airstrike in Afghanistan