തൃശൂർ: കേരളത്തിലെ നാട്ടാനകളിലെ സൂപ്പർ സ്റ്റാറായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും റെക്കോർഡ് തുകയ്ക്ക് ഏക്കത്തിനെടുത്തു. അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം പൂരാഘോഷക്കമ്മിറ്റി പകല്‍ പൂര എഴുന്നള്ളത്തിന് മാത്രമായി ആനയെ ഏക്കത്തിനെടുത്തത് 13.50 ലക്ഷം രൂപയ്ക്കാണ്.
കഴിഞ്ഞ വർഷം ചാലിശ്ശേരി പൂരത്തിന് 13,33,333 രൂപയ്ക്ക് രാമചന്ദ്രനെ ഏക്കത്തിനടുത്ത് ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ കൊങ്ങണൂർ ദേശം മറികടന്നിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് അക്കിക്കാവ് പൂരം നടക്കുന്നത്. ചീരംകുളം ചെമ്മണൂർ ഗ്രാമം പൂരാഘോഷ കമ്മിറ്റിയാണ് കൊങ്ങണൂർ ദേശത്തിനൊപ്പം ആനയെ ലേലത്തില്‍ എടുക്കാൻ മത്സരിച്ചത്.
തെച്ചിക്കോട്ടുകാവ് ക്ഷേത്ര ഓഫീസിലാണ് ലേലം നടന്നത്. പകല്‍ പൂരത്തിന് ഉച്ചതിരിഞ്ഞ് നിശ്ചിത സമയത്തിന് മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാറുള്ളത്. രാത്രി പൂരത്തിന് മറ്റൊരു ആനയെയാണ് പകരമായി എഴുന്നള്ളിക്കുക.
കേരളത്തിലങ്ങോളമിങ്ങോളും ആരാധകരുള്ള ഗജപ്രമുഖനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന രാമചന്ദ്രനെ ആനപ്രേമികള്‍ ‘രാമരാജൻ’ എന്നാണ് വിളിക്കുന്നത്. കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.
SUMMARY: Thechikottukavu Ramachandran sets a record again; history is made again in one-hundredth