തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അനീഷ്.എ.ആര്‍ ഇനി എട്ട് പേരിലൂടെ ജീവിക്കും. അനീഷിന്റെ ഹൃദയം ഉള്‍പ്പെടെ ഒമ്പത് അവയവങ്ങള്‍ ദാനം ചെയ്തു. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവ ഉള്‍പ്പെടെ അവയവ ദാനത്തിലൂടെ ആളുകള്‍ക്ക് പുതുജീവന്‍ നല്‍കിയാണ് അനീഷ് യാത്രയായത്. കുടുംബം അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു.
അതേ സമയം, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടമാകാന്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ മൂന്ന് പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാകാനാണ് കോട്ടയം മെഡിക്കല്‍ കോളേജ് ഒരുങ്ങുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്.
അനീഷിന്റെ ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാന്‍ക്രിയാസ്, കരള്‍, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും പാന്‍ക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. കെ -സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.
SUMMARY: Nine organs donated; Aneesh will now live on through eight others