തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീവ്രചുഴലിക്കാറ്റായി ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ കരയിൽ കടക്കും. ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കാക്കിനാടയുടെ സമീപം മോൻത ചുഴലിക്കാറ്റ് കര തൊടുമെന്നാണ് അറിയിപ്പ്.
ഇതേ തുടര്‍ന്ന് ആന്ധ്രാ തീരത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒഡീഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതോടെ മൂന്ന് സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്. ആന്ധ്രപ്രദേശിലും ഒഡീഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിൽ നൂറോളം ട്രെയിൻ സർവീസുകൾ റദ്ദാക്കി. ആന്ധ്രാ ഈസ്റ്റ് കോസ്റ്റ് റെയിൽവേ 43 ട്രെയിനുകൾ റദ്ദാക്കി. സൗത്ത് സെൻട്രൽ റെയിൽവേ അധികൃതർ ഒക്ടോബർ 27, 28, 29 തീയതികളിൽ 54 സർവീസുകൾ റദ്ദാക്കിയതായി പ്രഖ്യാപിച്ചു.
തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ആന്ധ്രയിലെയും ഒഡീഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
കേരളത്തിൽ ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകൾക്ക് യെല്ലോ അലര്‍ട്ട് നൽകിയിട്ടുണ്ട്.
SUMMARY: Cyclone Montha to land today; Rain will continue in Kerala














