ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഒക്ടോബർ 25 ന് രാത്രി നഗരത്തിലെ പുട്ടേനഹള്ളി പ്രദേശത്താണ് സംഭവം. ദർശൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മലയാളിയായ മനോജ് കുമാർ (32), കാശ്മീർ സ്വദേശിയായ ഭാര്യ ആരതി ശർമ്മ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട ദർശൻ തന്റെ സുഹൃത്ത് വരുണിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മനോജ് കുമാർ, ഭാര്യ ആരതി ശർമ്മ എന്നിവർ സഞ്ചരിച്ച കാറിന്റെ മിററില്‍ തട്ടിയത്. തുടർന്ന് ദമ്പതികള്‍ രണ്ടു കിലോമീറ്ററോളം യുവാക്കളുടെ ബൈക്ക് പിന്തുടരുകയും ഇടിച്ചു വീഴ്‌ത്തുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ദർശനും വരുണും റോഡില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ഇരുവർക്കും ഗുരുതരമായി പരുക്കേറ്റു.
തുടർന്ന് ദർശൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. സിസിടിവി പതിഞ്ഞ ദൃശ്യങ്ങളില്‍ ദമ്പതികള്‍ മോട്ടോർ സൈക്കിളില്‍ പിന്തുരുകയും ഇരുവരെയും ഇടിച്ചു വീഴ്‌ത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ദമ്പതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
SUMMARY: Couple arrested for killing young man by hitting him with car in Bengaluru














