കൊച്ചി: മുസ്ലീം മതവിശ്വാസിയായ ഭര്‍ത്താവിന് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യ ഭാര്യയെ കൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം അനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങളില്‍ രണ്ടാം വിവാഹം കഴിക്കാമെന്നാണെങ്കിലും, രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വെറും കാഴ്ചക്കാരിയായിരിക്കാന്‍ ആദ്യ ഭാര്യയ്ക്ക് ഇരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്നും അതിനു ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നതിൽ അധികൃതർ തീരുമാനം എടുക്കാവൂവെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്. വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
2008 ലെ കേരള വിവാഹ രജിസ്‌ട്രേഷന്‍ (പൊതു) നിയമങ്ങള്‍ അനുസരിച്ച് ഒരു മുസ്ലീം പുരുഷന്‍ തന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യ വിവാഹം നിലവിലുണ്ടായിരിക്കുകയും ആദ്യ ഭാര്യ ജീവിച്ചിരിക്കുകയും ആണെങ്കില്‍ ആദ്യ ഭാര്യയെ കേള്‍ക്കാനുള്ള അവസരം നല്‍കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അത്തരം സാഹചര്യങ്ങളില്‍ മതം രണ്ടാമതാണെന്നും ഭരണഘടനാപരമായ അവകാശങ്ങളാണ് പരമോന്നതമെന്നും കോടതി പറഞ്ഞു.
ഭര്‍ത്താക്കന്മാര്‍ പുനര്‍വിവാഹം കഴിക്കുമ്പോള്‍, കുറഞ്ഞത് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തിലെങ്കിലും, മുസ്ലീം സ്ത്രീകളെ കേള്‍ക്കാനുള്ള അവസരം ലഭിക്കട്ടെ, കോടതി പറഞ്ഞു. രണ്ടാം വിവാഹത്തെ എതിർക്കുന്ന സ്ത്രീകളുടെ വൈകാരികത അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭര്‍ത്താവുമായുള്ള ബന്ധം നിലനില്‍ക്കുമ്പോള്‍ 99.99 ശതമാനം മുസ്ലീം സ്ത്രീകളും അവരുടെ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു.
കണ്ണൂരിലെ മുഹമ്മദ് ഷരീഫും രണ്ടാം ഭാര്യയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യരുതെന്ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാർക്ക് പഞ്ചായത്തിൽ വീണ്ടും അപേക്ഷ നൽകാം. തുടർന്ന് ആദ്യ ഭാര്യയ്ക്ക് അധികൃതർ നോട്ടീസ് നൽകണം. അവർ എതിർത്താൽ കേസ് കോടതിയിലേക്ക് വിടണമെന്നും കോടതി പറഞ്ഞു.
SUMMARY: Muslim man’s first wife’s side should be heard before registering second marriage: High Court













