കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മന്ത്രി കെ ബി ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് പൊതുപരിപാടിയില്‍ വെച്ച് അസീസ് ആഹ്വാനം ചെയ്തതോടെയാണ് വിവാദം രൂക്ഷമായത്.
ഇതിനെ പാര്‍ട്ടി ശാസനലംഘനമായി കണക്കാക്കി അസീസിനെ വാര്‍ഡ് പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് മാറ്റുകയും കാരണക്കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. വട്ടിക്കവലയില്‍ ചേര്‍ന്ന അടിയന്തര പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം നിരപ്പില്‍-തലച്ചിറ റോഡ് ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ വച്ചായിരുന്നു അസീസിന്റെ വിവാദ പ്രസംഗം. പരിപാടിയില്‍ പ്രധാന അതിഥിയായി മന്ത്രി ഗണേഷ് കുമാര്‍ വേദിയിലിരിക്കെ, അടുത്ത തിരഞ്ഞെടുപ്പിലും അദ്ദേഹത്തെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം എന്ന് അസീസ് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റായിരുന്ന അസീസിന്റെ ഈ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വം കടുത്ത വിമര്‍ശനത്തോടെ സ്വീകരിച്ചു. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും അടിയന്തര യോഗം ചേര്‍ന്നു. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരം ആണെന്നും മഹാഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും കായ്ക്കാത്ത മച്ചിമരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുള്‍ അസീസ് പറഞ്ഞിരുന്നു.
SUMMARY: Calls to make Minister Ganesh Kumar win in the next assembly elections; Action taken against Congress leader













