ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു. കൊഡിഗെഹള്ളി സ്വദേശിയും വൈറ്റ്ഫീൽഡിലെ സ്വകാര്യ കമ്പനി ജീവനക്കാരനുമായ സുകൃത് കേശവ് (23) ആണ് അറസ്റ്റിലായത്. റോഡിലെ പകപോക്കലിനെ തുടർന്ന് ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഒക്ടോബർ 26-ന് സദാശിവനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വാഹനാപകടക്കേസ് ആണ് ഇപ്പോൾ കൊലപാതക ശ്രമമായി മാറിയത്. ഫ്രീ ലെഫ്റ്റ് ഇല്ലാത്ത സിഗ്നലിൽ കാറിന് മുന്നിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തി. വിദ്യാരണ്യപുര സ്വദേശി വിനീത് എ. (33), ഭാര്യ അനികിത (31) അവരുടെ ഇളയകുട്ടി എന്നിവരാണ് സ്കൂട്ടറില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡ് ഡിവൈഡറിൽ ഇടിച്ചു വീണു. എന്നാല്‍ സുകൃത് ഗൗഡ സഹായിക്കാൻ നിൽക്കാതെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പരുക്കേറ്റ മൂവരെയും വഴിയാത്രക്കാർ എം.എസ്. രാമയ്യ ആശുപത്രിയിലെത്തിച്ചു.
സി.സി.ടി.വി. ദൃശ്യങ്ങളിൽ, സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളെ സുകൃത് കേശവ് മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതായി കാണാം. അപകടം നടന്ന ശേഷം കാർ നിർത്താതെ പോകുന്നതും, സമീപത്തുണ്ടായിരുന്നവർ ദമ്പതികളെ രക്ഷിക്കാൻ ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ ട്രാഫിക് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ സദാശിവനഗർ പോലീസിന് കൈമാറുകയും സോഫ്റ്റ്‌വെയർ എൻജിനീയറായ സുകൃത് കേശവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയും ചെയ്തു. നവംബര്‍ 13 ന് ബാലാജി ലേഔട്ടിനു സമീപത്തു നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
SUMMARY: A techie who tried to kill a couple by hitting them with a car in Bengaluru was arrested












