ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി (45) ആണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി മാൽദാരെ-ലിംഗാപുര ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്താണ് സംഭവം.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയിലെ പതിവ് പരിശോധനയ്ക്കിടെ ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാര്‍ അത് വഴി സഞ്ചരിക്കുന്നത് കണ്ടു. തുടര്‍ന്നു ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു പരിശോധിക്കുകയായിരുന്നു. കാറിനകത്ത് മൂന്ന് പുരുഷന്മാരും ഒരു യുവതിയുമായിരുന്നു ഉണ്ടായിരുന്നത്. യുവതി അബോധാവസ്ഥയില്‍ ആയിരുന്നു. യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പുരുഷന്മാരോട് കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പറഞ്ഞു. തുടര്‍ന്നു കാറിനകത്ത് കയറി നോക്കിയപ്പോഴാണ് യുവതിയെ മരിച്ചതായി സ്ഥിരീകരിച്ചത്
വനംവകുപ്പ് ജീവനക്കാർ ഉടന്‍ തന്നെ സിദ്ധാപുര പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
SUMMARY: Woman found dead inside car near Kodagu check post













