ബെംഗളൂരു: നഗരത്തിലെ അനധികൃത പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങൾക്കെതിരെ കർശന നടപടിയുമായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ. ലൈസൻസില്ലാതെ പ്രവർത്തിച്ച 14 പിജികൾ അടച്ചുപൂട്ടി. പൊതുജനാരോഗ്യം ഉറപ്പാക്കാനും റെസിഡൻഷ്യൽ സോണുകളിലെ പരാതികള്‍ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
കോർപ്പറേഷൻ പരിധിക്കുള്ളിൽ ട്രേഡ് ലൈസൻസുകൾ നേടാതെയും എസ്ഒപി മാനദണ്ഡങ്ങൾ പാലിക്കാതെയും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പിജി താമസ സൗകര്യങ്ങൾക്കെതിരെ നടപടിയെടുത്തതായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഡി എസ് രമേശ് പറഞ്ഞു. 2024 ലെ ജിബിഎ (ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി) ആക്ട് പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കാതെ റെസിഡൻഷ്യൽ ഏരിയകളിൽ വാണിജ്യ അല്ലെങ്കിൽ നോൺ റെസിഡൻഷ്യൽ പ്രവർത്തനങ്ങൾ നടത്തുന്ന പതിനാല് പിജികൾ സീൽ ചെയ്തതായും കമ്മീഷണർ പറഞ്ഞു.
മഹദേവപുര, കെ.ആർ. പുര മേഖലകളിലെ പിജി കേന്ദ്രങ്ങളിലാണ് പ്രധാനമായും റെയ്ഡുകൾ നടന്നത്. അഡീഷണൽ കമ്മീഷണർ (ഡെവലപ്‌മെന്റ്) ലോഖണ്ഡേ സ്‌നേഹൽ സുധാകറിന്റെ നിർദേശപ്രകാരം, ഹെൽത്ത് ഓഫീസർ ഡോ. സവിതയുടെ നേതൃത്വത്തിലുള്ള സംഘം, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർക്കൊപ്പം നിരവധി പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങൾ പരിശോധിച്ചു.
ഈസ്റ്റ് ബെംഗളൂരുവിലെ എല്ലാ പിജി താമസ സൗകര്യങ്ങളെയും ഒരു നിയന്ത്രിത ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാൻ കോർപ്പറേഷന് പദ്ധതിയുണ്ട്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുക, റെസിഡൻഷ്യൽ പ്രദേശങ്ങളിലെ പിജികൾ അയൽക്കാർക്ക് ശല്യമാകാതെ നോക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കോർപ്പറേഷനുള്ളത്. സർട്ടിഫൈഡ് താമസ സൗകര്യങ്ങൾക്ക് അംഗീകാര ബാഡ്ജ് ലഭിക്കും. ഇവ പിജിയിൽ പ്രദർശിപ്പിക്കാവുന്നതാണ്. താമസക്കാർക്ക് സുരക്ഷിതമായ താമസ സൗകര്യങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ ഇത് സഹായിക്കും.
SUMMARY: Raids on substandard PGs in Bengaluru, 14 sealed













