ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ 2026 ലെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലാണ് ബെംഗളൂരുവിനെയും ഉള്‍പ്പെടുത്തിയത്. 270-ലധികം നഗരങ്ങളെ വിലയിരുത്തിയതിന് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. ഇതില്‍ നിന്ന് 100 മികച്ച നഗരങ്ങളെ കണ്ടെത്തി. 29-ാമതാണ് ബെംഗളൂരുവിന്റെ സ്ഥാനം. ടെക്നോളജി,
കുടുംബങ്ങളെ ആകർഷിക്കുന്ന ജീവിത സാഹചര്യങ്ങൾ, പ്രകൃതിരമണീയമായ സ്ഥലങ്ങൾ, മികച്ച ഭക്ഷണ – ഷോപ്പിങ് അനുഭവങ്ങൾ എന്നിവയാണ് ബെംഗളൂരുവിനെ ഈ പട്ടികയിൽ എത്തിക്കാൻ പ്രധാന പങ്കുവഹിച്ചത്. ടെക്നോളജി രംഗത്ത് മാത്രമല്ല, ജീവിതശൈലിയിലും ബെംഗളൂരു മികച്ചതാണ്. റിപ്പോർട്ടിൽ ബെംഗളൂരു കുടുംബങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ആകർഷണങ്ങളുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണെന്ന് വ്യക്തമാക്കുന്നു. പ്രകൃതിയും പാർക്കുകളും എന്ന വിഭാഗത്തിൽ നാലാം സ്ഥാനവും ബെംഗളൂരു നേടി. അതിവേഗം വളരുന്ന നഗരമായിട്ടും പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ബെംഗളൂരു മുന്നിലാണ്. ഗ്ലോബല്‍ റെസ്‌റ്റോറന്റ് റാങ്കിങില്‍ ബെംഗളൂരു മൂന്നാമതാണ്. കരവല്ലിയിലെ പൈതൃക സീഫുഡ് വിഭവങ്ങൾ മുതൽ ഇന്ദിരാനഗറിലെ ‘പ്രോഗസീവ് കിച്ചണുകള്‍’ വരെ ഇവിടെയുണ്ട്. റീട്ടെയിൽ വൈവിധ്യം യുബി സിറ്റിയിലെ ആഢംബരശാലകൾ മുതൽ വിശാലമായ ഫീനിക്സ് മാൾ ഓഫ് ഏഷ്യ വരെ വ്യാപിച്ചു കിടക്കുന്നതാണ്. വിധാൻ സൗധയും ബാംഗ്ലൂർ പാലസുമൊക്കെ മനോഹര ദൃശ്യങ്ങളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സാമ്പത്തിക ശക്തി, സാംസ്കാരിക വൈവിധ്യം, ജീവിതനിലവാരം ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പഠിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന നേട്ടം ലണ്ടന്‍ നിലനിര്‍ത്തി ഇന്ത്യൻ നഗരങ്ങളിൽ ബെംഗളൂരുവിന് പുറമെ മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നീ നഗരങ്ങളും ഈ പട്ടികയിൽ ഇടം നേടി. ഡല്‍ഹി 54-ാമതായി ഇടം നേടി. ഹൈദരാബാദ് 82-ാമതാണ്. നൂറാം സ്ഥാനത്ത് ദോഹയാണ്.
SUMMARY: Bengaluru among the top 30 cities in the world













