തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസംബർ 12 മുതൽ 19 വരെ നടക്കുന്ന 30-ാമത് ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ 25 നു രാവിലെ 10ന് ആരംഭിക്കും. പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
പൊതുവിഭാഗം, വിദ്യാർഥികൾ, ഫിലിം സൊസൈറ്റി, ഫിലിം ആൻഡ് ടിവി പ്രഫഷണൽസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓൺലൈനായി രജിസ്ട്രേഷൻ നടത്താം.registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിന് മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ ഡെലിഗേറ്റ് സെൽ സജ്ജീകരിച്ചിട്ടുണ്ട്.
ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം, സമകാലിക ഇന്ത്യൻ സിനിമ, മലയാളം സിനിമ ഇന്ന്, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്കു സ്മരണാഞ്ജലിയർപ്പി ഹോമേജ് വിഭാഗം സിനിമകൾ 30ാമത് ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും.മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്ടർ, ഇൻ കോൺവർസേഷൻ, എക്സിബിഷൻ, കലാസാംസ്കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
SUMMARY: IFFK. Delegate registration from tomorrow














