ബെംഗളൂരു: കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് യുവതി മരിച്ചു. തിങ്കളാഴ്ച ബെംഗളൂരു മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടടഗുഡ്ഡദഹള്ളിയിലാണ് സംഭവം. ഹാസൻ സ്വദേശിനിയായ ഭൂമികയാണ് (24) മരിച്ചത്. പീനിയയിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായ ഭൂമികയുടെ ഭർത്താവ് കൃഷ്ണമൂർത്തി വൈകീട്ട് ജോലികഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി വാതിലിൽ മുട്ടിയിട്ട് പ്രതികരണമുണ്ടാകാതെ വന്നതോടെ, അയൽക്കാരുടെ സഹായത്തോടെ കൃഷ്ണമൂർത്തി വാതിൽ കുത്തിത്തുറക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഭൂമികയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഹീറ്ററിൽനിന്ന് വാതകച്ചോർച്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. നാലുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. 15 ദിവസം മുമ്പാണ് ദമ്പതികൾ വാടക വീട്ടിലേക്ക് താമസം മാറിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Newlywed dies after inhaling toxic gas from bathroom heater














