ആലപ്പുഴ: ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ സ്കൂള്‍ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ സ്കൂളില്‍ വെച്ച് വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്.
സംഭവത്തെതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ട്യൂഷന് പോയപ്പോള്‍ അവിടത്തെ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകള്‍ വീണുകിട്ടിയതാണെന്നാണ് വിദ്യാര്‍ഥി നല്‍കിയ മൊഴി. സ്കൂളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഒരു കുട്ടിയുടെ ബാഗില്‍ നിന്ന് ഇത്തരത്തില്‍ വെടിയുണ്ടകള്‍ അധ്യാപകര്‍ കണ്ടെത്തിയത്.
വെടിയുണ്ടകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ഇടവേള സമയങ്ങളില്‍ കുട്ടികളുടെ ബാഗുകള്‍ സ്കൂളില്‍ വെച്ച് പരിശോധിക്കാറുണ്ടെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
SUMMARY: Bullets found in 8th grade student’s bag













