ബെംഗളൂരു: ഹെബ്ബാൾ- വിമാനത്താവളപാത സിഗ്നൽരഹിതമാകുന്നു.
ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലേക്ക് ഹെബ്ബാളില്‍ നിന്നും സിഗ്നൽ കുരുക്കില്ലാതെ യാത്രക്കാർക്ക് ഇനി എത്തിച്ചേരാം. ബെല്ലാരി ദേശീയപാതയിലെ സദഹള്ളി ടോൾ പ്ലാസ സിഗ്നലിന് സമീപത്ത് 700 മീറ്റർ വരുന്ന ആറുവരി അണ്ടർപാസിന്റെ നിർമ്മാണം അടുത്തമാസം ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
യലഹങ്ക ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ നിലവിൽ സദഹള്ളി ടോൾ പ്ലാസയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാണ് വിമാനത്താവള റോഡിലേക്ക് പ്രവേശിക്കുന്നത്. ഈ ഭാഗങ്ങളിൽ നിലവിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സദഹള്ളിയിൽ അണ്ടർപാസ് വരുന്നതോടെ ഗതാഗത കുരുക്കില്ലാതെ വേഗത്തിൽ വാഹനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ സാധിക്കും.
35 കോടി രൂപയാണ് നിർമ്മാണ ചെലവ്. റോഡ് നിരപ്പിൽ നിന്ന് ഏകദേശം ആറ് മീറ്റർ താഴെയായിരിക്കും ആറ് വരി അണ്ടർപാസിൽ സ്ഥിതി ചെയ്യുന്നത്. ഡ്രെയിനേജ്, ഒരു മീഡിയൻ സ്ട്രിപ്പ്, ലാൻഡ്സ്കേപ്പിംഗ് എന്നിവ ഇതില്‍ ഉൾപ്പെടുമെന്ന് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ (ബെംഗളൂരു) കെ ബി ജയകുമാർ പറഞ്ഞു. ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Construction of six-lane underpass in Sadahalli to begin next month














