ന്യൂഡല്‍ഹി: മിസോറാം മുന്‍ ഗവര്‍ണറും മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഭര്‍ത്താവുമായ സ്വരാജ് കൗശല്‍ അന്തരിച്ചു. 73 വയസായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വരാജ് കൗശലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മകള്‍ ബന്‍സുരി സ്വരാജ്, എംപിയാണ്.
1990-ൽ മിസോറാം ഗവർണറായി നിയമിതനായ സ്വരാജ് കൗശൽ ഗവർണർ സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. 37-ാം വയസിലായിരുന്നു സ്വരാജ് കൗശലിനെ മിസോറാം ഗവർണറായി നിയമിച്ചത്. 1993 വരെ സ്ഥാനത്ത് തുടർന്നു. സോഷ്യലിസ്റ്റായിരുന്ന കൗശൽ തന്റെ 34-ാം വയസിലായിരുന്നു സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനായി നിയമിതനായത്.
1987 ൽ അഡ്വക്കേറ്റ് ജനറലായ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായിരുന്നു. 1998 നും 2004 നും ഇടയിൽ ഹരിയാന വികാസ് പാർടിയുടെ നേതാവും പാർലമെന്റ് അംഗവുമായിരുന്നു. 1998-99 ലും 2000-2004 ലും രാജ്യസഭാംഗമായിരുന്നു.
1952-ൽ ഹിമാചൽ പ്രദേശിലെ സോളനിൽ ജനിച്ച സ്വരാജ് കൗശൽ, ചണ്ഡീഗഡിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കി. 1975 ലായിരുന്നു സുഷമ സ്വരാജിനെ വിവാഹം കഴിച്ചത്.
സ്വരാജ് കൗശലിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി.
SUMMARY: Swaraj Kaushal passes away














