കൊച്ചി: ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലില്‍ മുൻകൂർ ജാമ്യം തേടി ഹൈക്കോടതില്‍ ഹർജി സമർപ്പിച്ചു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യം തള്ളിയ ഉത്തരവില്‍ പിഴവുണ്ടെന്നും ഹർജിയില്‍ പറയുന്നുണ്ട്. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചെന്നാണ് പോലീസ് നിഗമനം. രാഹുല്‍ ഇന്നലെ കേരളാ- കർണാടക അതിർത്തിയില്‍ എത്തിയെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. സുള്ള്യ കേന്ദ്രീകരിച്ച് രാത്രിയിലുടനീളം പരിശോധന നടത്തിയിരുന്നു.
രാഹുലിന് കുടകിലും സഹായം ലഭിച്ചെന്നാണ് പോലീസിന് ലഭിച്ച വിവരം. കർണാടകയില്‍ എസ്‌ഐടി സംഘം തിരച്ചില്‍ തുടരുന്നുണ്ട്. കസ്റ്റഡിയിലുള്ളവരില്‍ നിന്ന് രാഹുലിനെക്കുറിച്ച് നിർണായക വിവരം ലഭിച്ചെന്നാണ് സൂചന. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കഴിഞ്ഞ 9 ദിവസങ്ങളായി രാഹുല്‍ ഒളിവില്‍ കഴിയുകയാണ്.
രാഹുലിന് എതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ടാമത്തെ കേസിലെ പരാതിക്കാരിയില്‍ നിന്ന് വൈകാതെ മൊഴിയെടുക്കും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ഫെനി നൈനാനെ പ്രതി ചേർക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
SUMMARY: Rape case: Rahul Mangkootatil moves High Court seeking anticipatory bail














