വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം. ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം എന്നിവ കണക്കിലെടുത്താണ് ട്രംപിന് പുരസ്‌കാരം. ഫിഫ ചരിത്രത്തിലാദ്യമായാണ് സമാധാന പുരസ്കാരം ഏർപ്പെടുത്തുന്നത്.
യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ നറുക്കെടുപ്പ് നടക്കുന്ന വാഷിങ്ടനിലെ കെന്നഡി സെന്ററിൽ വച്ചാണ് ട്രംപിന് പുരസ്‌കാരം നൽകിയത്. ട്രംപിന്റെ അടുത്ത സുഹൃത്തുകൂടിയായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയാണ് പുരസ്കാരം സമ്മാനിച്ചത്.
തനിക്ക് ലഭിച്ച ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അംഗീകാരം എന്നാണ് ഈ പുരസ്കാരത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തെയും ട്രംപ് പരാമർശിച്ചു. ഇതുപോലെ പല സംഘർഷങ്ങളും യുദ്ധത്തിലേക്ക് എത്തുന്നതിന് മുമ്പ് അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു.
വേദിയിൽ വെച്ച് ഫിഫ ലോകകപ്പിന്‍റെ മത്സരക്രമവും പ്രഖ്യാപിച്ചു. നറുക്കെടുപ്പിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ അർജൻ്റീന ഗ്രൂപ്പ് ജെ യിലും, ബ്രസീൽ ഗ്രൂപ്പ് സിയിലും ഇടം നേടി. ഫ്രാൻസ് ഗ്രൂപ്പ് ഐ, ഇംഗ്ലണ്ട് ഗ്രൂപ്പ് എൽ, ബെൽജിയം ഗ്രൂപ്പ് ജി, നെതർലാൻഡ്സ് ഗ്രൂപ്പ് എഫ്, ജർമ്മിനി ഗ്രൂപ്പ് ഇ, പോർച്ചുഗൽ ഗ്രൂപ്പ് കെ, സൗത്ത് കൊറിയ ഗ്രൂപ്പ് എ, ജപ്പാൻ ഗ്രൂപ്പ് എഫ്, ഇറാൻ ഗ്രൂപ്പ് ജി, ഉറുഗ്വേ ഗ്രൂപ്പ് എച്ച്, ഖത്തർ ഗ്രൂപ്പ് ബി, സൗത്ത് ആഫ്രിക്ക ഗ്രൂപ്പ്- എ, സൗദി അറേബ്യ- ഗ്രൂപ്പ് എച്ച് എന്നിങ്ങനെയാണ് മത്സരത്തിനിറങ്ങുക. സ്പെയിൻ- സൗദി അറേബ്യക്കും ഉറുഗ്വേക്കുമൊപ്പം ഗ്രൂപ്പ് എച്ചിലാണ് മത്സരിക്കുക. ആസ്ട്രിയ ഗ്രൂപ്പ് ജെയിലാണ്.
SUMMARY: Donald Trump wins FIFA Peace Prize














