കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് ഇനി രണ്ടുനാള്‍ മാത്രം ബാക്കിനില്‍ക്കെ ദിലീപ് മുഖ്യമന്ത്രിയ്ക്ക് അയച്ച മെസേജ് വിവരം പുറത്ത്. തെറ്റുചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തില്‍ ആണെന്നാണ് മെസേജ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.
2017 ഫെബ്രുവരി 22ന് രാവിലെ 09.22 നാണ് ദിലീപ് മെസേജ് അയച്ചത്. വീണ്ടെടുത്ത മെസേജ് പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. പള്‍സർ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മർദത്തിലായെന്നും ഇതോടെയാണ് മുഖ്യമന്ത്രിയടക്കമുളളവർക്ക് മെസേജ് അയച്ചതെന്നും പ്രോസിക്യൂഷൻ പറയുന്നു. കാവ്യാ മാധവനുമായുളള ദിലീപിന്‍റെ ബന്ധം അന്നത്തെ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.
കാവ്യാ മാധവനുമായുളള ദിലീപിന്‍റെ ചാറ്റുകള്‍ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോണ്‍ നമ്ബരുകള്‍ ദിലീപ് തന്‍റെ ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും പ്രേസിക്യൂഷൻ കോടതിയില്‍ വാദിച്ചു. എന്നാല്‍ ബലാത്സംഗത്തിന് ക്വട്ടേഷൻ നല്‍കി എന്നത് പോലീസിന്‍റെ കെട്ടുകഥയെന്നാണ് ദിലീപ് നിലപാടെടുത്തത്. ആകെ പത്ത് പ്രതികളുളള കേസില്‍ നടൻ ദിലീപ് എട്ടാം പ്രതിയാണ്.
SUMMARY: Actress attack case: Details of Dileep’s message to the Chief Minister revealed














