തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ 15 സീറ്റുകള്‍ നേടിയ എല്‍ ഡി എഫ് നേരത്തെ തന്നെ ജയമുറപ്പിച്ചിരുന്നു. 13 സീറ്റുകളുടെ ബലത്തില്‍ യു ഡി എഫിന് വേണ്ടി പോരിനിറങ്ങിയ ആഗ്നസ് റാണി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
തിരുവനന്തപുരം കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സി പി എം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന പ്രിയദർശിനി മികച്ച ഭൂരിപക്ഷത്തിനാണ് കല്ലമ്പലത്ത് വിജയം സ്വന്തമാക്കിയത്. എതിരാളികളില്ലാതെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയദർശിനി എത്തുന്നത് തടയാനാണ് യു ഡി എഫ് ആഗ്നസ് റാണിയെ രംഗത്തിറക്കിയത്.
വെങ്ങാനൂരില്‍ നിന്നാണ് ആഗ്നസ് റാണി ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ ആറ് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന യു ഡി എഫ് ഇരട്ടിയിലധികം സീറ്റ് നേടിയെങ്കിലും കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടമാകുകയായിരുന്നു. എൻ ഡി എ സ്ഥാനാർഥികള്‍ ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റില്‍ പോലും വിജയിച്ചിട്ടില്ല.
SUMMARY: Priyadarshini takes oath as Thiruvananthapuram District Panchayat President














