ബെംഗളൂരു: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ 28 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തുമകുരു സ്വദേശി രാകേഷിനെയാണ് സോലദേവനഹള്ളി പോലീസ് പിടികൂടിയത്.
ഡിസംബര്‍ 17 ന് ചിക്കബനവാരയിലെ എജിബി ലേഔട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതി ജോലി കഴിഞ്ഞു രാത്രി പിജി താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇയാള്‍ ലൈംഗികാതിക്രമം നത്തിയത്. താമസ സ്ഥലത്തേക്ക് എത്തിയ യുവതിയെ പിന്തുടര്‍ന്ന് സ്‌കൂട്ടറിലെത്തിയ രാകേഷ് വഴി ചോദിക്കാനെന്ന വ്യാജേന അടുത്തേക്ക് വരികയും താമസ സ്ഥലത്തെ ഗേറ്റ് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ഭയന്ന് നിലവിളിച്ചപ്പോള്‍ ഇയാള്‍ സ്ഥലത്തുനിന്നും തന്റെ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു.
നിലവിളികേട്ടെത്തിയ അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്നു യുവതിയിയുടെ പരാതിയില്‍ സോളദേവനഹള്ളി പോലീസ് കേസ് എടുക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പ്രതി പിടിയിലായത്.
SUMMARY: Woman doctor molested case: 28-year-old man arrested














