ബെംഗളൂരു: കാര്‍ സൈലന്‍സറില്‍ അമിതശബ്ദമുണ്ടാക്കുന്ന വിധത്തില്‍ മോഡിഫിക്കേഷന്‍ വരുത്തിയതിന് മലയാളി വിദ്യാര്‍ഥിക്ക് 1.11 ലക്ഷം രൂപ പിഴ ചുമത്തി. കണ്ണൂര്‍ ആര്‍ടിഒയില്‍ രജിസ്റ്റര്‍ചെയ്ത കാറാണ് കഴിഞ്ഞ ദിവസം ഹെന്നൂര്‍ റോഡില്‍ ഭാരതീയ സിറ്റിക്ക് സമീപം പൊതുജനങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ വന്‍ ശബ്ദമുണ്ടാക്കിയത്.
പ്രദേശവാസികളാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നു പോലീസ് വിദ്യാര്‍ഥിയെ കണ്ടെത്തി കാര്‍ പിടിച്ചെടുത്ത് ആര്‍ടിഒയ്ക്ക് കൈമാറുകയായിരുന്നു. ആര്‍ടിഒ പരിശോധനയില്‍ സൈലന്‍സര്‍ അനധികൃതമായി മോഡിഫൈ ചെയ്തതാണെന്നു കണ്ടെത്തി പിഴ ഈടാക്കുകയായിരുന്നു.
അമിതശബ്ദത്തിനൊപ്പം തീപ്പൊരിപുറത്തേക്ക് തെറിക്കുന്ന വിധത്തിലായിരുന്നു മോഡിഫിക്കേഷന്‍. ഇത് സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ആര്‍ടിഒ അധികൃതര്‍ വിലയിരുത്തിതിനെ തുടര്‍ന്നാണ് ആര്‍ടി ഓഫീസിന് ചുമത്താന്‍ കഴിയുന്ന പരമാവധി പിഴയായ 1,11,500 രൂപ ചുമത്തിയത്. പിഴ അടച്ചതിനെ തുടര്‍ന്ന് വാഹനം വിട്ടുകൊടുത്തു.
SUMMARY: Modifications were made to the car silencer; 1.11 lakh fine for a Malayali student














