ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ മതപരിവർത്തനക്കുറ്റം ചുമത്തി മലയാളി പാസ്റ്ററെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. വട്ടപ്പാറ കല്ലയം പള്ളിമുക്ക് ആശാഭവനിൽ ആൽബിൻ (46) ആണ് ജയിലിൽ കഴിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
പത്ത് വർഷമായി കാൺപൂർ നവരംഗയിൽ ബേഥേസ്ഥാ ഭവനിൽ താമസിച്ച് സുവിശേഷ പ്രവർത്തനം നടത്തിവരികയായിരുന്നു. ഒരു സംഘം ബജ്റംഗ്ദൾ പ്രവർത്തകർ പോലീസുമായി വന്ന് ആൽബിനെയും കുടുംബത്തെയും പിടികൂടി കൊണ്ടുപോവുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. തുടർന്ന് മതപരിവർത്തനക്കുറ്റം ആരോപിച്ച് തടവിലാക്കുകയും ചെയ്തു. ഭാര്യ സിസ്റ്റർ ഷിനി, 13 വയസുള്ള പെൺകുട്ടിയുൾപ്പെടെ പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയുമാണ് പിടിച്ചുകൊണ്ടുപോയത്. കുടുംബാംഗങ്ങളെ രാത്രിയോടെ പോലീസ് വിട്ടയച്ചു. പാസ്റ്ററെ ഗാട്ടംപൂർ സ്റ്റേഷൻ ജയിലിൽ തടവിലാക്കിയിരിക്കുകയാണ്.
മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും പാസ്റ്റർമാരെയും തടയുന്ന സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരികയാണ്. രണ്ടാഴ്ച മുൻപ് മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ വൈദികൻ സുധീറിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വൈദികനും ഭാര്യയ്‌ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. സുധീർ, ഭാര്യ ജാസ്മിൻ ഉൾപ്പെടെ 11 പേർക്കാണ് വറൂട് കോടതി ജാമ്യം അനുവദിച്ചത്.
SUMMARY: Alleged conversion; A Malayali pastor was arrested in Uttar Pradesh














