
പത്തനംതിട്ട: ബലാത്സംഗ കേസില്‍ റിമാൻഡിലുള്ള പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് ജാമ്യാപേക്ഷയില്‍ വാദം കേട്ടു. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. രാഹുലിനെതിരെ നിരന്തരം പരാതികള്‍ ഉയരുന്നുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് കേസുകള്‍ കൂടി നിലവിലുണ്ടെന്നും പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയുമായി ഉണ്ടായിരുന്ന ബന്ധം പരസ്പര സമ്മതപ്രകാരമായിരുന്നുവെന്നും രാഹുലിന്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ വാദിച്ചു.
രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് രേഖകളും ഓഡിയോ സന്ദേശങ്ങളും പ്രതിഭാഗം കോടതിയില്‍ സമർപ്പിച്ചു. ജാമ്യം ലഭിച്ചാല്‍ പ്രതി ഒളിവില്‍ പോകില്ലെന്നും, ഉത്തരവാദിത്വമുള്ള ജനപ്രതിനിധിയായതിനാല്‍ അന്വേഷണത്തോട് സഹകരിക്കുമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
SUMMARY: Hearing on Rahul’s bail plea complete; verdict on Saturday














