
ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരുക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന 20കാരിയാണ് മരണത്തിന് കീഴടങ്ങിയത്.
2023 മെയ് മാസത്തില്‍ ഇംഫാലിലാണ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. മെയ്തി തീവ്രവിഭാഗത്തില്‍പെട്ട നാല് പേരുടെ സംഘമാണ് കുന്നിന്‍മുകളിലേയ്ക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ഒരു രാത്രി മുഴുവന്‍ ക്രൂരമായി പീഡിപ്പിച്ചത്. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട യുവതി വിവസ്ത്രയായിട്ടാണ് നഗരത്തിലേയ്ക്ക് എത്തിയത്.പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഓട്ടോയിലാണ് രക്ഷപ്പെട്ടത്. കൊഹിമയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മാനസികാഘാതത്തില്‍ നിന്ന് മോചിതയായിരുന്നില്ല. ശ്വാസകോശത്തിലടക്കം അതീവ ഗുരുതരമായി പരുക്കേറ്റിരുന്നു
പീഡനം നടന്ന് രണ്ട് മാസത്തിനു ശേഷമായിരുന്നു പോലീസിൽ പരാതി നൽകാനായത്. 2023 ജൂലൈ 22ന് കേസ് സിബിഐക്ക് കൈമാറി. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തിൽ യുവതിക്ക് നീതി കിട്ടിയിരുന്നില്ല. രണ്ട് വർഷത്തിലേറെയായിട്ടും കേസിൽ ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.
SUMMARY: A woman who was gang-raped during the Manipur riots died














