
കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ലൈംഗികാതിക്രമം നടത്തിയതായി ആരോപിച്ചുള്ള വിഡിയോ ദൃശ്യം പങ്കുവെച്ച യുവതിക്കെതിരെ ആത്മഹത്യപ്രേരണകുറ്റം ചുമത്തി കോഴിക്കോട് മെഡി. കോളജ് പോലീസ് ഇന്നലെ കേസെടുത്തിരുന്നു. വടകര സ്വദേശിനി ഷിംജിത മുസ്തഫക്ക് (35) എതിരെയാണ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അതേസമയം യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊഴിയെടുക്കാൻ യുവതിയുടെ വീട്ടിലേക്ക് പോകാനിരിക്കെയാണ് യുവതി വീട്ടിലില്ലെന്ന വിവരം ലഭിച്ചത്.
ബസിൽ വച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസറുടെ ആരോപണം. ബസിൽ വച്ച് അതിക്രമം നേരിട്ടെന്ന് കാണിക്കുന്ന വീഡിയോ ആദ്യം പങ്കുവെക്കുകയും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി യുവതി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച പുലർച്ചെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു ഉയര്‍ന്ന ആവശ്യം.
SUMMARY: Deepak’s suicide; Police intensify investigation














