
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .പ്രതികളുടെ വീടുകളില്‍ ഉള്‍പ്പെടെ 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന. കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, എ പത്മകുമാര്‍, എന്‍ വാസു, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ വീടുകളിലും ബെംഗളൂരുവിലെ സ്മാര്‍ട് ക്രിയേഷന്‍സ് ഓഫീസിലും പരിശോധന തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡിന്റെ ഓഫീസിലും റെയ്ഡ് നടക്കുന്നുവെന്നാണ് വിവരം. രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ഉദ്യോഗസ്ഥരെ എത്തിച്ച് വിപുലമായ റെയ്ഡാണ് നടക്കുന്നത്.
കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകിട്ടാന്‍ ഇഡി നീക്കം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കാരേറ്റിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. തമിഴ്നാട്ടിലും കർണാടകയിലും പരിശോധന നടത്തുന്നുണ്ടെന്ന്. ഇന്ന് രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്.
ഇഡി അന്വേഷണത്തിന് അനുമതി ലഭിച്ചതിന് പിന്നാലെ രേഖകളടക്കം പരിശോധിക്കാൻ ഇഡി തീരുമാനിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുക്കളുടെ അടക്കം ബാങ്ക് വിവരങ്ങള്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക വിവരങ്ങളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ആറന്മുളയിലെ പത്മകുമാറിൻ്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. എ പത്മകുമാറിന്റെ ചില ബന്ധുക്കളുടെ വീട്ടിലും ഇഡി പരിശോധന നടത്താന്‍ ആലോചനയുണ്ട്. കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ( പിഎംഎൽഎ) അനുസരിച്ച് കേസിൽ ഇടപെടാൻ അവകാശമുണ്ടെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിൽ പ്രതികളുമായി ബന്ധപ്പെട്ട സ്വത്തുവിവരങ്ങളെല്ലാം ശേഖരിച്ചതിന് ശേഷമാണ് 21 കേന്ദ്രങ്ങളിൽ ഒരേസമയം റെയഡ് നടക്കുന്നത്.
SUMMARY: ED takes decisive action in Sabarimala gold theft; raids at 21 locations including Bengaluru














