കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറി. 1.38 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്
അപകടം നടക്കുമ്പോള്‍ 1.10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ടാങ്കില്‍ ഉണ്ടായിരുന്നത്. ഇതോടെ അതിവേഗത്തില്‍ വെള്ളം പുറത്തേയ്ക്ക് ഒഴുകി. തൊട്ടടുത്ത വീടുകളില്‍ നിമിഷ നേരം കൊണ്ട് വെള്ളം ഒഴുകിയെത്തി. ചില വീടുകളുടെ ഉള്‍ഭാഗത്ത് വെള്ളം കയറി. കമ്പ്യൂട്ടര്‍, വാഷിങ്മെഷീന്‍, ഫ്രിഡ്ജ്, മോട്ടര്‍ അടക്കം ചില വീടുകളില്‍ വലിയ രീതിയില്‍ നാശനഷ്ടമുണ്ടായി. മതില് തകര്‍ന്നുവീണ് വീടിന് പുറത്ത് നിര്‍ത്തിയിട്ട കാറിന് നാശനഷ്ടം സംഭവിച്ചു. അടുത്തിടെ പുതുക്കി പണിത റോഡ് തകര്‍ന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴുകി പോകുകയും ചെയ്തു.
ടാങ്ക് തകർന്നു വീണപ്പോള്‍ വന്‍ ശബ്ദം കേട്ടിരുന്നതായി ചില പ്രദേശവാസികള്‍ പറഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പ്രദേശവാസികള്‍ ഏറെ നേരം പരിഭ്രാന്തരായി. അണക്കെട്ട് പൊട്ടിയോ എന്നുള്‍പ്പെടെ സംശയിച്ച് പരിഭ്രാന്തരായെന്നും പ്രദേശവാസികള്‍ പറഞ്ഞു
24 മണിക്കൂറും പമ്പിംഗ് നടക്കുന്ന പമ്പിംഗ് സ്റ്റേഷനാണിത്. കൊച്ചി നഗരത്തിലെ 80 ശതമാനം ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണം നടക്കുന്നത് ഇവിടെ നിന്നാണ്. വാട്ടര്‍ടാങ്ക് തകര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും. തമ്മനം, കടവന്ത്ര, വൈറ്റില, കലൂര്‍, പനമ്പിള്ളിനഗര്‍, പാലാരിവട്ടം, പേട്ട, സൗത്ത് തുടങ്ങിയ ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണമാകും മുടങ്ങുക.
SUMMARY: A drinking water tank bursts in Ernakulam; water enters houses and damages vehicles













