ബെംഗളൂരു: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് ഇപ്പോൾ നഗരത്തില്‍ ചര്‍ച്ചയാകുന്നത്. ഇത് വെറുമൊരു ക്രിസ്മസ് ട്രീയല്ല, മറിച്ച് പ്രകൃതിയെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കരുതലിന്റെയും സർഗ്ഗാത്മകതയുടെയും വിസ്മയക്കാഴ്ചയാണ്. ബെംഗളൂരു പ്രിംറോസ് റോഡ് മാർത്തോമ്മാ ഇടവകയാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ ഒരു പരിസ്ഥിതി സൗഹൃദ മാതൃക തീർത്തിരിക്കുന്നത്.
ഇടവകാംഗങ്ങൾ നൽകിയ പഴയ തുണികളും, തയ്യൽക്കടകളിൽ നിന്നും ഗാർമെന്റ് യൂണിറ്റുകളിൽ നിന്നുമുള്ള ഉപയോഗശൂന്യമായ തുണിത്തരങ്ങൾ ഉപയോഗിച്ചാണ് പള്ളിക്കകത്തെ ആകർഷകമായ ക്രിസ്മസ് അലങ്കാരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ‘മാലിന്യത്തിൽ നിന്ന് മനോഹാരിതയിലേക്ക്’ എന്ന വലിയ സന്ദേശമാണ് ഈ സർഗ്ഗാത്മകമായ നിർമതിയിലുടെ ഇടവക ലോകത്തിന് നൽകുന്നത്.
ഡിസംബർ 21ന് വൈകുന്നേരം 6 മണിക്ക് പള്ളിയിൽ നടക്കുന്ന കരോൾ സർവീസിൽ ക്രിസ്മസ് ട്രീ അനാവരണം ചെയ്യപ്പെടും. സൺഡേ സ്കൂൾ കുരുന്നുകൾ മുതൽ മുതിർന്നവർ വരെ ഉൾപ്പെടുന്ന 9 വ്യത്യസ്ത ക്വയറുകൾ ക്രിസ്മസിന്റെ മഹത്തായ സന്ദേശം ഗാനങ്ങളിലൂടെ അവതരിപ്പിക്കും. ‘പുൽകൂട്ടിലെ പിറവി : ഒരു പുനർ വ്യാഖ്യാനം’ എന്നതാണ് ഇത്തവണത്തെ വിഷയം.
ഇടവക വികാരി റവ. ബോബി ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, വൈറ്റ്ഫീൽഡ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. ഷിജു തോമസ് ക്രിസ്മസ് സന്ദേശം കൈമാറും. സഹ വികാരിമാരായ റവ. മഞ്ജുഷ് എബിൻ കോശി, റവ. ജോബിൻ ടി എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കൺവീനർ സോണി കുര്യൻ അറിയിച്ചു.
SUMMARY: A huge 25-foot Christmas tree made from old sarees in Primrose Road Marthoma parish














