ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും ബെല്ലാരി ജെഎസ്ഡബ്ലിയു സ്റ്റീൽ ലിമിറ്റഡ് വിദ്യാനഗർ ടൗൺഷിപ്പിൽ താമസക്കാരിയുമായ എം സരസ്വതി (83) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ബെല്ലാരിക്ക് സമീപം ഹഗ്രിയിൽ വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. ദിശതെറ്റിച്ചു വന്ന ട്രാക്ടറിൽ ഇടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ സരസ്വതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കാറില്‍ ഒപ്പമുണ്ടായിരുന്ന മകൾ സബിത, മരുമകൻ ഹരീഷ് നായർ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഏറെക്കാലമായി മകള്‍ സബിതക്കൊപ്പം വിദ്യാനഗർ ടൗൺഷിപ്പിലായിരുന്നു സരസ്വതി താമസിച്ചിരുന്നത്. ടോറോണഗല്ലൂ ജെ എസ് ഡബ്ല്യു സ്റ്റീൽ ലിമിറ്റഡിൽ സീനിയർ വൈസ് പ്രസിഡന്റ് ആണ് ഹരീഷ് നായർ. പരേതനായ കെ എം രാഘവനാണ് സരസ്വതിയുടെ ഭർത്താവ്. മുരളി മകനാണ്. സംസ്കാരം ഞായറാഴ്ച ബെല്ലാരിയില്‍ നടക്കും.
SUMMARY: A Malayali family was travelling in a car that met with an accident; a Palakkad native died, two people were injured














