ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി വടക്കൻ ബെംഗളൂരുവിൽ ഹെബ്ബാൾ ഫ്ലൈ ഓവറിന്റെ മാതൃകയിൽ പുതിയ ഫ്ലൈഓവർ നിർമിക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നു. വിമാനത്താവളത്തിലേക്കും വടക്കൻ ബെംഗളൂരുവിൽനിന്ന് നഗരത്തിലേക്കും യാത്ര ചെയ്യുന്നവർക്ക് ഏകദേശം 20 കിലോമീറ്റർ ദൂരത്തിൽ ദിവസേന നേരിടേണ്ടിവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയാണ് ലക്ഷ്യം.
ഇന്നലെ ബെംഗളൂരുവിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ശേഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. അൽസൂരു മുതൽ ബാഗലൂർ വരെ 19.2 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ എലിവേറ്റഡ് കോറിഡോർ ആണ് നിര്മിക്കുന്നത്. പുതിയ ഫ്ലൈഓവർ ആവശ്യമാണെന്നും ഹെബ്ബാൾ മാതൃകയിൽ നിർമിക്കണോ അതോ മറ്റൊരു സാങ്കേതിക സംവിധാനമാണോ അനുയോജ്യമെന്ന് വിദഗ്ധ പരിശോധനയിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദർ തെരേസ സർക്കിളിൽ നിന്നാണ് പുതിയ എലിവേറ്റഡ് കോറിഡോർ ആരംഭിക്കുന്നത്, അവിടെ നിന്ന് എനിർദ്ദിഷ്ട യശ്വന്ത്പൂർ-കെആർ പുരം എലിവേറ്റഡ് ഇടനാഴിയുമായി ബന്ധിപ്പിക്കും. തുടർന്ന് പ്രധാന ജംഗ്ഷനുകളിലൂടെയും ഹെന്നൂർ ക്രോസ്, വഡ്ഡരപാളയ, കണ്ണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെയും കടന്നുപോകുകയും ബാഗലൂരിൽ അവസാനിക്കുകയും ചെയ്യും.
വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ നിലവിലുള്ള റോഡുകളെ ആശ്രയിക്കേണ്ടിവരുന്നതും തിരക്കേറിയ ജങ്ഷനുകളിലെ ഗതാഗതക്കുരുക്കും പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂടിയാലോചനയ്ക്കും സാങ്കേതിക പഠനത്തിനും ശേഷമായിരിക്കും അന്തിമ തീരുമാനം.
ബ്യാതരായണപുരയിലെ ജക്കൂർ റെയിൽവേ മേൽപ്പാലവും കെആർ പുരത്തിലെ ഗെദ്ദലഹള്ളിയിൽ റെയിൽവേ ട്രാക്കുകൾക്ക് കുറുകെ നിർമ്മിച്ച മഴവെള്ള ഡ്രെയിനിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മാരുതി സേവാനഗർ മെയിൻ റോഡിലെ ഐഒസി ജംഗ്ഷന് സമീപം ഒരു റോട്ടറി ഫ്ലൈഓവറിനും അദ്ദേഹം തറക്കല്ലിട്ടു.
SUMMARY: A new Hebbal-style flyover for travel to the airport
















