തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ തെന്നിവീണ യുവതിക്ക് ദാരുണാന്ത്യം. ചിറയിന്‍കീഴ് ചെറുവള്ളിമുക്ക് പറയത്തകോണം കിഴുവില്ലം സ്നേഹ തീരംവീട്ടില്‍ എം.ജി. ബിനുവിന്റെയും സന്ധ്യയുടെയും മകള്‍ അഹല്യയാണ് (24) മരിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ റയില്‍വെസ്റ്റേഷനില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ ്അപകടമുണ്ടായത്. ഉടന്‍ അഹല്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമ്പാനൂരില്‍ യു.പി.എസ്.സിയുടെ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അഹല്യ. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ട്രെയിനില്‍ കയറവെയാണ് അപകടമുണ്ടായത്. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും മുന്നോട്ടെടുത്ത കോട്ടയം -നാഗര്‍കോവില്‍ പാസഞ്ചറില്‍ ചാടിക്കയറിയപ്പോള്‍ കാല്‍തെന്നി വീഴുകയായിരുന്നു.
ഉടന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന സുഹൃത്ത് താഴെ വീഴാതെ കൈകൊണ്ട് താങ്ങി നിറുത്തിയെങ്കിലും, തലയുടെ പുറകുവശം ട്രെയിനിന്റെ പടിയില്‍ ഇടിക്കുകയായിരുന്നു. സുഹൃത്തിനോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ട ശേഷം സഹോദരനെ അറിയിക്കാന്‍ അഹല്യ ഫോണ്‍നമ്പരും നല്‍കി. തലയിലുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് വിവരം.
SUMMARY: A young woman died tragically after slipping and falling while trying to jump onto a moving train