ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറി നല്‍കിയതായി പരാതി. പരാതിയുമായി 2 കുടുംബങ്ങളാണ് രംഗത്തുവന്നത്. മൃതദേഹം മാറിയതിനാല്‍ ഒരു കുടുംബം സംസ്ക്കാര ചടങ്ങ് മാറ്റി വച്ചതായാണ് വിവരം. ഒരു കുടുംബത്തിന് കൈമാറിയ ശവപ്പെട്ടിക്കുള്ളില്‍ വ്യത്യസ്ത മൃതദേഹഭാഗങ്ങളെന്നും പരാതി ഉയരുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചേക്കുമെന്നാണ് വിവരം. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തില്‍ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. വിമാനത്തിൻ്റെ പിൻഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍.
പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങള്‍ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു. ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ച് നിന്ന പിൻഭാഗത്തെ ചില യന്ത്ര ഭാഗങ്ങളില്‍ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നു. പിന്നില്‍ നിന്ന് കണ്ടെടുത്ത എയർഹോസ്റ്റസിൻ്റ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല.
ഇത് വേഗത്തില്‍ തിരിച്ചറിയാൻ കഴിഞ്ഞെന്നും റിപ്പോർട്ടില്‍ പറയുന്നു. വിമാനത്തിൻ്റെ ട്രാൻസ് ഡ്യൂസറില്‍ അറ്റകുറ്റപണികള്‍ നടത്തിയതിനും തെളിവുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. ട്രാൻസ് ഡ്യൂസറിലെ തകരാർ വിമാനത്തിലെ മുഴുവൻ വൈദ്യത സംവിധാനത്തെയും ബാധിക്കുന്നതാണ്.
ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഈ പ്രശ്നം പരിഹരിച്ചത്. എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനിയർ ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് അറ്റകുറ്റ പണി നടത്തിയതായി ടെക്നിക്കല്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
SUMMARY: Ahmedabad plane crash: Different body parts found inside coffin, bodies of British citizens found changed, complaint