ചെന്നൈ: അഹമ്മദാബാദ് ദുരന്തത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നഷ്ടം നികത്താനും മുഖച്ഛായ മെച്ചപ്പെടുത്താനും ഉടമകളില്‍ നിന്നും സാമ്പത്തിക സഹായം തേടി എയര്‍ ഇന്ത്യ. ടാറ്റ സണ്‍സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയോട് എയര്‍ ഇന്ത്യ 10000 കോടി രൂപ അവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ സര്‍വീസുകളില്‍ ഉള്‍പ്പെടെ പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായ സാഹചര്യത്തിലാണ് നടപടി.
പാകിസ്ഥാൻ വ്യോമപാതയില്‍ നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് കമ്പനിക്ക് 4,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
സുരക്ഷ, എഞ്ചിനീയറിങ്, ഇൻ-ഹൗസ് മെയിൻ്റനൻസ് എന്നിവയ്ക്കും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ സാമ്പത്തിക പിന്തുണ അനിവാര്യമാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ ഉടമകളായ ടാറ്റ സണ്‍സിന് എയർ ഇന്ത്യയില്‍ 74.9 ഓഹരി വിഹിതമാണുള്ളത്. 
ബാക്കിയുള്ള ഓഹരികള്‍ സിംഗപ്പൂർ എയർലൈൻസിനാണ്. സാമ്പത്തിക സഹായം ഓഹരി പങ്കാളിത്തത്തിന് ആനുപാതികമായിരിക്കും. ധനസഹായം പലിശ രഹിത വായ്പയാണോ അതോ ഓഹരി വഴിയാണോ എന്ന് ഉടമകള്‍ തീരുമാനിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. വിഷയത്തില്‍ എയർ ഇന്ത്യയുടെ ഭാഗത്തുനിന്നോ ടാറ്റ സണ്‍സിൻ്റെ ഭാഗത്തുനിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
SUMMARY: Air India demands Rs 10,000 crore from Tata


 
                                    









