ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു. സഖ്യം സംബന്ധിച്ച് അവസാന തീരുമാനം വിജയുടേതാണ്. ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു.
ഡിസംബര്‍ 16ന് ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്കാണ് പോലീസ് അനുമതി നിഷേധിച്ചത്. ഈറോഡ് – പെരുന്തുറൈ റോഡിലെ ഗ്രൗണ്ടില്‍ റാലി നടത്താനായിരുന്നു പാര്‍ട്ടി അനുമതി തേടിയത്. എന്നാല്‍ സ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ പോലീസ് സൂപ്രണ്ട് എ സുജാത അനുമതി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. 70,000 പേരെ പ്രതീക്ഷിക്കുന്നതായാണ് ടിവികെ അറിയിച്ചത്.
വന്‍ ജനക്കൂട്ടമുണ്ടാകുമെന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മതിയായ സ്ഥലമില്ലയെന്നതും പരിഗണിച്ചാണ് അനുമതി നിഷേധിച്ചത്. കരൂർ ദുരന്തത്തിനു ശേഷമാണ് റാലികള്‍ക്കും പൊതുയോഗങ്ങള്‍ക്കും തമിഴ്നാട് പോലീസ് കർശന ഉപാധികള്‍ കൊണ്ടുവന്നത്. സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
SUMMARY: Alliance only with those who accept Vijay as CM candidate: TVK














