കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 12 ആണ്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലുള്ള മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്‌തികരമാണ്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
SUMMARY: Amebic encephalitis; Two people in critical condition