തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ കലാസംവിധാനം നിർവഹിച്ചത് ശേഖർ ആണ്. കേരള സർവകാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് കലാസംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്.
ജിജോ പുന്നൂസിന്റെ സംവിധാനത്തില്‍ 1982ല്‍ ഇറങ്ങിയ ‘പടയോട്ടം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയിലെ ആദ്യത്തെ 70എംഎം ചിത്രമായ പടയോട്ടത്തില്‍ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനർ ആയിരുന്നു. തുടർന്ന് ‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’, ‘ഒന്ന് മുതല്‍ പൂജ്യം വരെ’ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ കലാസംവിധായകനായി പ്രവർത്തിച്ചു.
മൈ ഡിയർ കുട്ടിച്ചാത്തനി’ലെ ‘ആലിപ്പഴം പെറുക്കാം’ എന്ന ഗാനരംഗത്തിനായി കെ. ശേഖർ രൂപകല്‍പ്പന ചെയ്ത കറങ്ങുന്ന മുറി വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിച്ചു.
SUMMARY: Art director K. Shekhar passes away














