കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതിയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി പോലീസ് കേസെടുത്തു. ചവറ തെക്കുംഭാഗം അതുല്യ ഭവനില്‍ അതുല്യ സതീഷിനെയാണ് (30) ഷാര്‍ജ റോളയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി ചവറ തെക്കുംഭാഗം പോലീസ് ആണ് കേസെടുത്തത്. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഭര്‍ത്താവ് സതീഷ് അതിക്രൂരമായി അതുല്യയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കസേര കൊണ്ട് അതുല്യയെ അടിക്കാന്‍ ശ്രമിക്കുന്നതിന്റെയും ശാരീരികമായി ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സതീഷ് ബഹളം വയ്ക്കുന്നതും അതുല്യ നിലവിളിക്കുന്നതും ദൃശ്യത്തിലുണ്ട്. സതീഷ് അതുല്യയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം ഡിജിറ്റല്‍ തെളിവായി നല്‍കിയാണ് കേസ് നല്‍കിയിരിക്കുന്നത്.
സതീഷിന് വിവാഹ സമയത്ത് 48 പവന്‍ സ്വര്‍ണം നല്‍കിയെങ്കിലും വീണ്ടും സ്വര്‍ണം വേണമെന്നാവശ്യപ്പെട്ട് അതുല്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 75000 രൂപ നല്‍കി 11 വര്‍ഷം മുമ്പ് ബൈക്ക് വാങ്ങി നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം കാറ് വേണമെന്ന് ആവശ്യപ്പെട്ട് പീഡനമുണ്ടായെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ അതുല്യ അറിയിച്ചിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. വിവാഹം കഴിഞ്ഞ നാൾ മുതൽ അതുല്യയ്ക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
ദുബായിലെ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ എന്‍ജിനിയറാണ് സതീഷ്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ളാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഇരുവരും ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. പത്ത് വയസുകാരിയായ ഇവരുടെ എക മകള്‍ ആരാധിക നാട്ടില്‍ അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍പിള്ളയ്ക്കും അമ്മ തുളസീഭായിക്കുമൊപ്പമാണ് താമസിക്കുന്നത്.
സതീഷും അതുല്യയും തമ്മില്‍ വ്യാഴാഴ്ച വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ സതീഷ് അജ്മാനിലേക്ക് പോയി. അടുത്ത ദിവസം മടങ്ങിയെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷിന്റെ ആക്രമണത്തില്‍ പരുക്കേറ്റതിന്റെ ചിത്രം അതുല്യ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അതുല്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ ബന്ധുക്കള്‍ ഷാര്‍ജ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
SUMMARY: Atulya faced severe physical abuse; case filed against husband, including murder