ശ്രീഹരിക്കോട്ട: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്‌ആര്‍ഒയുടെ ഏറ്റവും കരുത്തുള്ള വിക്ഷേപണ വാഹനം എല്‍വിഎം 3 കുതിച്ചുയര്‍ന്നു. 4,400 കിലോഗ്രാം ഭാരമുള്ള സിഎംഎസ്-03യുടെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. രാജ്യത്തിൻ്റെ പ്രതിരോധ മേഖലയ്ക്ക് നിർണായകമാകുന്ന തരത്തിലുള്ള വിക്ഷേപണമാണ് ഐഎസ്‌ആർഒ വിക്ഷേപിച്ചിരിക്കുന്നത്.
‘ബാഹുബലി’ എന്ന വിളിപ്പേരും ഈ ഉപഗ്രഹത്തിനുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെസ് സെന്ററില്‍ നിന്നാണ് സിഎംഎസ് 03 -ന്റെ വിക്ഷേപണം ഐഎസ്‌ആർഒ വിജയകരമായി പൂർത്തിയാക്കിയത്. വൈകിട്ട് 5.26 നാണ് വിക്ഷേപണം നടന്നത്. എല്‍വിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. മള്‍ട്ടി-ബാൻഡ് വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ് -03 അഥവാ ജിസാറ്റ് 7ആർ. ജിസാറ്റ് 7 അഥവാ രുഗ്മിണി ഉപഗ്രഹത്തിന് പകരമായാണ് സിഎംഎസ് -03 വിക്ഷേപണം.
ഇന്ത്യൻ നാവിക സേനയുടെ ആശയവിനിമയ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇത്രയും രഹസ്വസ്വഭാവത്തോടെയുള്ള ഉപഗ്രഹ വിക്ഷേപണം ഇതാദ്യമായാണ് ഐഎസ്‌ആർഒ നടത്തുന്നത്. ശനിയാഴ്ച കൗണ്ട് ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെയാണ് ആ വിവരം ഇസ്രോ പുറത്തുവിട്ടത്. അത്രയും തന്ത്രപ്രധാനമായൊരു നീക്കമാണ് ഇതിനുപിന്നില്‍ ഉണ്ടായിരുന്നത്.
SUMMARY: Bahubali soars; ISRO’s CMS-03 launch successful














