ബെംഗളൂരു: ബിബിഎംപിയെ 5 ചെറുകോർപറേഷനുകളാക്കി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രേറ്റ് ബെംഗളൂരു ബില്ലിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു സമർപ്പിച്ചു. റിപ്പോർട്ട് മന്ത്രിസഭ പരിഗണിക്കുമെന്നും തിരഞ്ഞെടുപ്പ് ഉടൻ നടത്താനാണ് ലക്ഷ്യമിടുന്നതെന്നും ശിവകുമാർ വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കളെ കൂടി വിശ്വാസത്തിലെടുത്താകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബിബിഎംപിയെ 3 മുതൽ 5 വരെ കോർപറേഷനാക്കി വിഭജിക്കാനാണ് ലക്ഷ്യമിടുന്നത്. ചെറു കോർപറേഷനുകളാക്കി വിഭജിക്കുന്നതിന്റെ അനുകൂലവും പ്രതികൂലവുമായ വശങ്ങളാണ് റിസ്വാൻ അർഷാദ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ റിപ്പോർട്ടിലുള്ളത്.
സെൻട്രൽ ബെംഗളൂരു, ഈസ്റ്റ് ബെംഗളൂരു, വെസ്റ്റ് ബെംഗളൂരു, നോർത്ത് ബെംഗളൂരു, സൌത്ത് ബെംഗളൂരു എന്നിങ്ങനെയാകും പുതിയ കോർപറേഷനുകൾക്കു പേരു നൽകുക. ഭരണനിർവഹണം എളുപ്പത്തിലാക്കാനാണ് ബിബിഎംപിയെ ചെറുകോർപറേഷനുകളാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്.
SUMMARY: BBMP likely to be divided into 5 separate corporations