ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്ക് പരിഷ്കരിച്ച സർക്കാർ നടപടി അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം ഡ്രൈവർമാർ പ്രഖ്യാപിച്ചു. 20 % വർധിപ്പിച്ച നിരക്ക് ഓഗസ്റ്റ് 1നാണ് പ്രാബല്യത്തിൽ വരിക. എന്നാൽ സർക്കാർ നിശ്ചയിച്ച നിരക്കിനനുസരിച്ച് മീറ്റർ മാറ്റി സ്ഥാപിക്കില്ലെന്ന് ഡ്രൈവർമാർ വ്യക്തമാക്കി. 40% നിരക്ക് വർധന ആവശ്യപ്പെട്ട് സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും ഡ്രൈവർമാർ പദ്ധതിയിടുന്നു.
2025 മേയ് വരെയുള്ള കണക്കു പ്രകാരം ബെംഗളൂരു നഗരത്തിൽ റജിസ്റ്റർ ചെയ്ത 3.6 ലക്ഷം ഓട്ടോകളുണ്ട്. ഇതിൽ ഭൂരിഭാഗവും പുതിയ നിരക്കിനെ അംഗീകരിക്കുന്നില്ലെന്നാണ് ഡ്രൈവർമാർ അവകാശപ്പെടുന്നത്. 2 കിലോമീറ്റർ വരെ അടിസ്ഥാന നിരക്ക് 30 രൂപയിൽ നിന്നു 36 രൂപയായും അധിക കിലോമീറ്ററിനു 15 രൂപയെന്നതു 18 രൂപയുമായാണ് വർധിപ്പിച്ചത്. എന്നാൽ ഇതു യഥാക്രമം 40, 20 രൂപയായി ഉയർത്തണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്.
അശാസ്ത്രീയമായ നിരക്ക് പുനപരിശോധിക്കണമെന്നും ചീഫ് സെക്രട്ടറിക്കും ബെംഗളൂരു നഗര ജില്ലാ ഡപ്യൂട്ടി കമ്മിഷണർക്കും ഇതു സംബന്ധിച്ച കത്ത് നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഡി. രുദ്രമൂർത്തി പറഞ്ഞു. എന്നാൽ സർക്കാർ നിശ്ചയിച്ച നിരക്ക് മാറ്റാനാകില്ലെന്നും ഓട്ടോ ഡ്രൈവർമാർ ഇതു പിന്തുടരണമെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി.
SUMMARY: Bengaluru auto drivers reject 20% fare hike