ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ ശേഷിയുടെ 100 ശതമാനം ബുക്കിംഗുകള്‍ കടന്നതായും ഇതുവരെ 55,000ലധികം പേര്‍ യാത്ര ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
നവംബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സര്‍വീസ്
കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തര്‍ സംസ്ഥാന സെമി ഹൈസ്പീഡ് പ്രീമിയം ട്രെയിന്‍ കൂടിയാണ്.
നവംബറില്‍ ബെംഗളൂരു-എറണാകുളം സര്‍വീസില്‍ 11,447 പേരാണ് യാത്ര ചെയ്തത്, ശരാശരി ബുക്കിംഗ് 127 ശതമാനം. ഡിസംബറില്‍ ബെംഗളൂരു-എറണാകുളം സര്‍വീസില്‍ ഇതുവരെ 16,129 പേര്‍ യാത്ര ചെയ്തു. ഡിസംബറില്‍ ശരാശരി 117 ശതമാനം ബുക്കിംഗ് ആണ് നടത്തിയത്. നവംബറില്‍ എറണാകുളം-ബെംഗളൂരു സര്‍വീസില്‍ 12,786 യാത്രക്കാരുണ്ടായിരുന്നു. ശരാശരി ബുക്കിംഗ് 141 ശതമാനം. ഡിസംബറില്‍ ഇത് 14,742 ആയി ഉയര്‍ന്നു. വെയിറ്റിംഗ് ലിസ്റ്റ് ഉള്‍പ്പെടെ ആകെ ബുക്കിംഗുകളുടെ എണ്ണമാണ് ഇത്.
ക്രിസ്തുമസ് പുതുവത്സരാഘോഷം, ശബരിമല തീര്‍ത്ഥാടനം എന്നിവയുള്ളതിനാല്‍ ഡിസംബറില്‍ ട്രെയിന്‍ ടിക്കറ്റുകളുടെ ആവശ്യകതയില്‍ വര്‍ധനവുണ്ടാകുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
SUMMARY: Bengaluru-Ernakulam Vande Bharat Express; 55,000 people travelled in the first month, average bookings cross 100 percent














