ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിനു ഉപാധികളോടെ റെയിൽവേ അനുമതി നൽകിയതായി റിപ്പോർട്ട്. മെട്രോ റെയിൽവേ സേഫ്റ്റി സൗത്തേൺ സർക്കിൾ കമ്മിഷണർ എ.എം. ചൗധരി തയാറാക്കിയ സുരക്ഷാ പരിശോധന റിപ്പോർട്ട് ബിഎംആർസിക്കു സമർപ്പിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട നിബന്ധനകൾ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം നിബന്ധനകൾ പാലിക്കുമെന്ന് ബിഎംആർസി അധികൃതർ വ്യക്തമാക്കി.
നേരത്തേ പാതയിൽ ഓഗസ്റ്റിൽ സർവീസ് ആരംഭിക്കുമെന്ന് ബിഎംആർസി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ഉദ്ഘാടനം ചെയ്യുക. അതിനാൽ പ്രധാനമന്ത്രിക്കു കൂടി സൗകര്യമുള്ള ദിവസമാകും ഉദ്ഘാടനം തീരുമാനിക്കുകയെന്നാണ് വിവരം.
16 സ്റ്റേഷനുകളാണ് പാതയിലുള്ളത്. ആർവി റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസന്ദ്ര, കുട്ലു ഗേറ്റ്, സിങ്ങസന്ദ്ര, ഹൊസ റോഡ്, ബെരടന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, കോനപ്പന അഗ്രഹാര, ഹുസ്കൂർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ.
SUMMARY: Bengaluru Metro’s Yellow Line receives statutory safety clearance.