ബെംഗളൂരു: കാഴ്ച പരിമിതിയുള്ളവർക്ക് പരസഹായമില്ലാതെ ബസുകൾ തിരിച്ചറിയാനുള്ള ഓൺബോർഡ് സംവിധാനം വ്യാപിപ്പിക്കാൻ ബിഎംടിസി. നൂറോളം ബസുകളിൽ സംവിധാനം സ്ഥാപിച്ചു. അടുത്ത മാസത്തോടെ 500 ബസുകളിൽ ഇതു ഏർപ്പെടുത്തും. 2023ൽ 25 ബസുകളിൽ പരീക്ഷണാർഥം നടപ്പിലാക്കിയ സംവിധാനം വിജയകരമായതോടെയാണ് പദ്ധതി വ്യാപിപ്പിക്കാൻ ബിഎംടിസി തീരുമാനിച്ചത്.
കാഴ്ച പരിമിതർക്ക് നൽകിയിരിക്കുന്ന ഓൺബോർഡ് ഉപകരണവും ബസിന്റെ മുൻവശത്തെ ചില്ലിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറും ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോൾ ഉപകരണത്തിലെ ഫൈൻഡ് ബട്ടൻ അമർത്തിയാൽ റൂട്ട് നമ്പർ സ്പീക്കറിലൂടെ കേൾക്കാൻ സാധിക്കും. ബസിൽ കയറണമെങ്കിൽ ഇതിനും ബട്ടൻ അമർത്താം. ഇതോടെ ഒരാൾ കയറാനുണ്ടെന്ന സന്ദേശം ഡ്രൈവർക്കും കണ്ടക്ടർക്കും ലഭിക്കും. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുമ്പോഴും ഉപകരണത്തിലൂടെ കാഴ്ചപരിമിതർക്ക് അറിയാനാകും. ഒപ്പം നിർത്തുന്നതിനു വേണ്ടിയുള്ള സന്ദേശം ഡ്രൈവർക്കും കണ്ടക്ടർക്കും നൽകാനുമാകും. ഡൽഹി ഐഐടിയുടെ പങ്കാളിത്തത്തോടെയാണ് ഉപകരണം വികസിപ്പിച്ചത്.
SUMMARY: BMTC rolls out ‘OnBoard’ assistive device for visually impaired city bus commuters