ബെംഗളൂരു: ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണത്തെത്തുടർന്ന് യുപിഐ പണമിടപാടുകള്‍ ഒഴിവാക്കി വ്യാപാരികൾ. ബെംഗളൂരുവിലെ ഇടത്തരം കച്ചവടക്കാരാണ് യുപിഐ മുഖേനെയുള്ള ഇടപാടുകൾ നിർത്തിവെച്ചത്. 40 ലക്ഷം രൂപയ്ക്ക് മുകളില്‍ ഇടപാട് നടക്കുന്ന വ്യാപാരികൾ ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തണമെന്ന് വാണിജ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നലെ ചിലർക്ക് ജിഎസ്ടി നൽകണമെന്ന നോട്ടീസും ലഭിച്ചു. ഇതേതുടർന്നാണ് യുപിഐ മുഖേന പണം വാങ്ങിയാൽ ജിഎസ്ടി നൽകേണ്ടിവരുമെന്ന് പ്രചരിച്ചത്. ഇതോടെ ഗൂഗിൾപേ, ഫോൺപേ തുടങ്ങിയ യുപിഐ പ്ലാറ്റ്‌ഫോമുകൾ മുഖേന പണം സ്വീകരിക്കുന്നത് വ്യാപാരികൾ നിർത്തുകയായിരുന്നു. പലരും കടകളുടെ മുന്നിൽവെച്ചിരുന്ന ക്യുആർ കോഡ് നീക്കി. ഇടപാടുകള്‍ക്ക് നേരിട്ട് പണം നൽകിയാൽ മതിയെന്നാണ് വ്യാപാരികളിൽ പറയുന്നത്.
അതേസമയം യുപിഐ പണമിടപാട് ഒഴിവാക്കിയാലും ജിഎസ്ടി ബാധ്യതയിൽനിന്ന് ഒഴിവാകാൻ സാധിക്കില്ലെന്ന് വാണിജ്യനികുതി വകുപ്പ് അറിയിച്ചു. യുപിഐ മുഖേന പണം സ്വീകരിക്കുന്ന എല്ലാവരും ജിഎസ്ടി നൽകേണ്ടിവരില്ലെന്നും 40 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ളവർക്കുമാത്രമാണ് ഇത് ബാധകമെന്നും അധികൃതര്‍ പറഞ്ഞു.
SUMMARY: Bengaluru traders reluctant to accept UPI payments amid GST campaign